2021, ഓഗസ്റ്റ് 28, ശനിയാഴ്‌ച

ദാരിയിൽ നിന്ന് പഷ്തുവിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന കവിതകൾ

 ശലഭ ചിറകുകൾക്ക് വർണ്ണമാകാനത്ര

നിറച്ചാർത്ത് ചേർത്ത കാഴ്ചയായിരുന്നു

കോകില സ്വരങ്ങളിൽ തേൻ നിറയ്ക്കാൻ മാത്രം

ഇരട്ടിമധുരം ചാലിച്ച മേളപ്പദമായിരുന്നു

ദാരിയിൽ പിറന്ന കവിതകളിൽ കാല്പനികതയും

പഷ്തുവിലുദിച്ച സാഹിതിയിൽ കനിവും

തിരതള്ളുമാനന്ദമായ് തുടികൊട്ട് കൂട്ടിയിരുന്നു

വിയർത്തൊലിക്കുന്ന ചോളപ്പാടങ്ങളിൽ നിന്ന്

രക്തമുറയ്ക്കുന്ന ഹിമപാത ലഹരിയിലേക്ക്

ചൂണ്ടയെറിഞ്ഞൊരു കവി, കാവ്യം രചിച്ചിരുന്നു

കുന്തിരിക്കവും കോലരക്കും ഊദിന്റെ സത്തും

കൂട്ടിക്കുഴച്ചതെൻ മേനിയെന്ന് കാമുകപക്ഷം

കള്ളമല്ലാത്തൊരു കുറിമാനമയച്ചിരുന്നു

നിലാപ്പെയ്ത്തിൽ നാദസ്വരമാസ്വദിക്കും ലാഘവം

നട്ടുച്ച വെയിലിൽ ഗോതമ്പുകറ്റയേറ്റുവോൾ

നാട്ടറിവുകളിലതെന്റെ നാടിൻ പ്രതീകമായിരുന്നു


അതെയെന്ന സ്ഥൂല സത്യത്തിൽ നിന്നും

ആയിരുന്നെന്ന സൂക്ഷ്മ പൊയ്യിലേക്കെന്നെ

വഴി നടത്തിയ ദുസ്വപ്നം പിറന്നതേതു സന്ധ്യയിൽ

മനമോഹമെന്ന ജീവ കലാക്ഷേത്രത്തിൽ നിന്ന്

മതഭോഗമെന്ന പുരോഹിത ഭാഷ്യത്തിലേക്ക്

എന്റെ ചര്യകളെ മൊഴിമാറ്റം ചെയ്തതേതു വേളയിൽ

ഇനി നിന്റെ വികൃത ബീജകണങ്ങളെ സ്വീകരിക്കാൻ

എന്റെ അണ്ഡാശയമൊരു കണം സ്വതന്ത്രമാക്കുമെന്ന്

നിന്റെ ദുരമൂത്ത പരമ്പരയ്ക്ക് എരിപുഴുവാസ വേദിയാകാൻ

എന്റെ ഗർഭപാത്രം മുന്നൊരുക്ക ഘോഷം നടത്തുമെന്ന്

നീ കനവ് കെട്ടുമതേ കണമൊരു, പെരുമഴപ്പെയ്ത്തിലും

ഞാൻ കനലായ് വെടിക്കോപ്പ് ചികയുന്നു, സ്വയമെരിയുന്നു

അവൻ വെന്തടിഞ്ഞ ധൂമക്കാടുകൾക്കപ്പുറം തകരയും

കുലം കെട്ടുപോയ പ്രേത ഭവനങ്ങൾക്കകലെ ഈന്തും

പുരോഹിത ഈർഷ്യകളൊടുങ്ങിയൊരു കാട്ടുചെമ്പകവും

തളിർത്ത്, പൂത്ത്, കായാവതേ എന്റെ ജന്മ ലക്ഷ്യം

എങ്കിലും ഭവോ, ആശിച്ച് കൊള്ളട്ടെ ഇവളിത്രയെങ്കിലും

ഇനിയുമൊരു പൂക്കാലമിത്ര വിളംബമില്ലാതെ വരുമെന്നേ

കനവു നെയ്യുവാനെന്നെ ഞാനാക്കീടുക,യെന്നിൽ കനലാവുക

എന്റെ സൂര്യോദയമൊക്കെയും വീണ്ടും ചിരിയാകുമെന്നോതുക

പിന്നെ,

നീയെന്നിൽ പൂക്കാൻ മറുക്കുന്ന ചില്ലയിൽ നിന്ന്

ഒരു ഊന്നുവടിയെങ്കിലും എനിക്കായ് നൽകുക, വഴി നടത്തുക


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...