2021, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

കബന്ധങ്ങൾ നീരാട്ടിനിറങ്ങുന്ന അഹന്തപ്പാടങ്ങൾ

 

ഋതുക്കളുടെ ആന്ദോളനങ്ങൾക്കിടയിൽ

മനസ്സിനെ പാടി മെരുക്കാറുണ്ട് നിത്യം

മൂഢസ്വർഗ്ഗങ്ങളുടെ പ്രഭുസ്ഥാനം നേടാൻ

നീയൊരിക്കലും മത്സരത്തിലേർപ്പെടരുത്

അതേ വേളയിൽ,

ബുദ്ധികെട്ട, വെകിളി നായയുടെ വാല്ച്ചുവട്ടിൽ

അടിമയായിരിക്കാനൊരിക്കലും തീറെഴുതരുതെന്നും


വിളവെടുപ്പ് കാലത്തിന്റെ ചൂട്ട്കറ്റകളിൽ

തീയണയാതിരിക്കാനായ് ഊതിക്കൊടുക്കാറുണ്ട്

നൂറുമേനിയുടെ ഉത്സവക്കൊയ്ത്തിനിടയിൽ

മതി മറന്ന് തലക്കനം കെട്ടരുതെന്ന് ഓതവേ

വിപണി മൂല്യം ആസനത്താൽ നിയന്ത്രിക്കുന്ന

വെള്ളിമൂങ്ങകൾക്ക് തലവണങ്ങരുതെന്നും


പെരുമഴപ്പെയ്ത്തും മലവെള്ളപ്പാച്ചിലും തുടരവേ

വെറുതെ സ്വയം തീരുമാനിച്ചുറപ്പാക്കാറുണ്ട്

ഓട്ടപ്പന്തയത്തിൽ വീര്യം കാട്ടിയൊരു കാലവും

മുയലായ്, പട്ടികൾക്ക് തലോടാൻ കുനിയരുതെന്ന്

പുറന്തോടിന്റെ പെരും കട്ടിയിൽ പൂണ്ടിരിക്കുമ്പോഴും

ഇറച്ചിവെട്ടുകാരന്റെ കത്തിക്ക് മൂർച്ചയേറ്റരുതെന്ന്

കൂർമ്മാവതാരത്തിന്റെ വഴിക്കണക്കിലുറപ്പിക്കുന്നു


കവിത കെട്ടി വച്ച്, തുണി വിരിച്ച് തൃത്തറാവ് വച്ച്

തൂശനിലയിൽ ബ്രഹ്മി കുടഞ്ഞിട്ട് തിടമ്പേറ്റി നില്ക്കവേ

ചുറ്റി നില്ക്കുന്നവയെയൊക്കെ ശൂന്യഗണമെന്ന് ഗണിക്കുന്നു

ജ്വരമൊരു പകലു താണ്ടി കുങ്കുമം വിതറവേ, ഇരുളും

അതിസാര ആധിപെരുത്ത് ഒഴിഞ്ഞ് പോകവേ, തളരും

തെക്കോട്ടെടുത്ത് തിരി തെളിച്ച് തീർത്ഥം പകർന്ന്

പുലരുവോളം മൂന്നാളെങ്കിലും മൂക്ക് ചീറ്റി തേങ്ങിയേക്കും

കവലയിലെ പീടികത്തിണ്ണയിൽ കാലത്തൊരു ഓർത്തെടുപ്പ്

പിന്നെ, മുഖം കെട്ട് മണ്ണായി അടയാളമൊക്കെയൊടുങ്ങിലും

കിഞ്ചിൽ ധ്വനീ കിങ്കണീയെന്ന്, കവിതയെന്റേത് മാത്രം

കരളു കൊയ്ത് കാലമൊക്കെ കിലുങ്ങിക്കൊണ്ടേയിരിക്കും

000000000000000000000000000000000000000000







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...