2021, ഒക്‌ടോബർ 31, ഞായറാഴ്‌ച

യുദ്ധമുഖത്തൊരു കവിക്ക് ചെയ്യാനാവുന്നത്

 


അവഗണിച്ച് കൊട്ടിയടയ്ക്കപ്പെട്ട പടിവാതിലിൽ

സർവ്വ പോർമുനയും തുറന്ന് ആഞ്ഞ് ചിവിട്ടണം

ആരതിയും വെഞ്ചാമരവുമെടുത്ത് നാളെയൊരുനാൾ

സ്വീകരിക്കപ്പെടുകതന്നെ ചെയ്യുമെന്ന് കുറിക്കണം

താംബൂലം തെറിപ്പിച്ച് തെറിക്കൂത്ത് കെട്ടിയവൻ

സ്തുതിപ്പാട്ട് മെനഞ്ഞ് മംഗളഗീതം പാടുമെന്നുറക്കണം

നീരുറവയുടെ വിദൂര സാധ്യതപോലും അരക്കിട്ടിടത്ത്

മലവെള്ളപ്പാച്ചിലൊന്ന് കെട്ടിയേല്പ്പിക്കണം

മരുഭൂമി തീർത്ത് മണല്ക്കാറ്റ് തീറ്റിയവനൊടുങ്ങും മുമ്പ്

മൂറിൻ തൈലവും കുന്തിരിക്കപ്പുകയുമൊരുക്കുമെന്ന്

ചാരമാകാത്തൊരു നേരിനെ നട്ടു വളർത്തണം

പ്രളയജലം തൊടാത്തൊരു നാഴികമണി, ഓട്ടുകിണ്ടി

കാട്ടുതീ നക്കാത്തൊരു കുമ്പസാരക്കൂട്,അരമന

കണ്ണീരു വീണു കുതിരാത്തൊരു നീതിപീഠം,കഴുമരം

ഓർമ്മകളിലോളപ്പെരുക്കങ്ങളിൽ തീ തിളയ്ക്കണം

എനിക്കാകുമെന്ന എക്കൽത്തടത്തിനപ്പുറം, ഒരിക്കലും

ബലിക്കാക്കയൊന്ന് പോലും ചിറകടിക്കാതെ കാക്കണം

വിപരീതോർജ്ജം കൊണ്ട് വിരുന്നൂട്ടുന്ന കിഴട്ട് മുതലയെ

ഊറയ്ക്കിട്ടുണക്കി, ചില്ലുപടമാക്കി ചുമരലങ്കരിക്കണം

പിന്നെ,

ഗന്ധകവും വെടിയുപ്പും ജീവിതക്കയ്പ്പും കൂട്ടിക്കുഴച്ച്

ചെറു തിരി വച്ച് കവിത തിരച്ച് കൊണ്ടിരിക്കണം

പൊട്ടിത്തെറിക്കും വരെ  കൺ തുറന്നേയിരിക്കണം

000000000000000000000000000000000000000000


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...