2021, ഡിസംബർ 28, ചൊവ്വാഴ്ച

ഭരണിപ്പാട്ട് പാടി യാത്രയാക്കേണ്ടവൻ



ആർദ്രേ,

ഈ വസന്തത്തിന്റെയൊടുക്കത്തെയൊരു പൂവിൽ നിന്ന്‌

ഒരു നൂല്പ്പാത തീർത്ത്‌ നീയെൻ കരളിലിരിക്കുക, പാടുക

ഹൃദയത്തിലാഴത്തിലോടുന്ന പ്രണയവേരിന്റെയറ്റത്ത്‌

ഒരു നീർക്കണമായ്‌ നീയുണ്ടായിരിക്കുക, നൃത്തമാടുക

നെയ്തെടുക്കുന്നോരോ കവിതയുടെ കൂട്ടിലും വാക്കിലുമൊരു

നെയ്ത്തിരിക്കാഴ്ചയായ്‌ നീ, ഉച്ചശീവേലിയൊരുക്കുക

ഇനിയും വറ്റിയൊടുങ്ങിയിട്ടില്ലാത്ത മാഞ്ചുനയാവുക


പ്രിയതേ,

നിലപാടുതറയിലൊരുവട്ടം കൂടിയെത്തുക, കോയ്മ തരിക

നിലയ്ക്കാത്ത, സാന്ദ്രരാഗമായ്‌ ഉണ്ടാവുമെന്ന്‌ പൊയ്യോതുക

എത്ര ശക്തമായാണെന്നിലെ കാല്പനികതയെത്തച്ചുടയ്ക്കുന്നത്‌

അതിലുമെത്ര ലളിതമായാണിപ്പ്രണയ ശില്പങ്ങളെയെരിപ്പത്‌

അന്ന്‌, കാവുതീണ്ടലും കഴിഞ്ഞ്‌ നീയെനിക്കേകിയ തിരുമധുരം

വരിനെല്ലു പായസം, ചെങ്കദളി നിവേദ്യമെല്ലാമോർമ്മയായ്‌

അശ്വതി പൂജയും തൃച്ചന്ദനച്ചാർത്തുമാർക്കുമറിയാതെയായ്‌


ദേവീ,

കുഞ്ഞിക്കുട്ടനാണ്ട മകോതയിലീ കുഞ്ഞിരാമനെയും വാഴിക്കുക

ചേരമാന്റെ തെളിനീർക്കുളത്തിലെന്നെയൊരു പരലായ്‌ ഗണിക്കുക

എന്നിലെ വാക്കുകെട്ട്‌, ബീജമൊടുങ്ങവേയെന്നെത്തഴുകുക

എന്റെ എഴുത്താണിത്തുമ്പിലൊരു വീണ മീട്ടുക, പരവശനാക്കുക

ഇനിയീ കാമ ഭാവവും കാവ്യ ലോകവുമെന്നിലൊടുങ്ങുന്ന നാൾ

എന്നിലെ ദാരികവീരനെ നിഗ്രഹിക്കുക, സ്തുതിഗീതങ്ങളോതുക

ഒടുവിലൊരു ചെമ്പട്ടുവിരിച്ചെന്നെക്കിടത്തയിൽ, വാമപുരോ ഭാഗം

എന്റെ കവിതകളടുക്കി വെയ്ക്കുക,ഹവിസ്സുചേർത്തഗ്നി പകരുക

0000000000000000000000000000000000000000000000000000000000000000000000


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...