2022, ജനുവരി 1, ശനിയാഴ്‌ച

മത്തു പിടിച്ചവനു മറുമരുന്നാകുന്നോൻ

 


വെള്ളിടി പൊട്ടുന്ന ഗന്ധകപ്പാടങ്ങളിൽ

ജീവിതഗന്ധിയായൊരു കവിതയ്ക്ക് കാതോർക്കുന്നു

ഇറച്ചിയിലേക്ക് മാത്രം കണ്ണുപായുന്ന അറവുശാലയിൽ

തിപ്പലിയും ആടലോടകവുമായ് അങ്ങാടിമരുന്നാവുന്നു

ഭൂഖണ്ഡങ്ങൾ കോറിയിട്ടൊരു ഉരുട്ടുഗോളത്തിൽ

അച്ചുതണ്ടില്ലാത്ത ആശയമാകുന്നു ഞാൻ

യുദ്ധക്കൊതിയുടെ അധികാര ആസനങ്ങൾക്കു മേൽ

വെള്ളരിപ്രാവിനു തിനയും ഗോതമ്പുമായ് ചിതറിക്കിടക്കുന്നു

ജാതിച്ചെടികൾക്ക് കാവൽ കൊള്ളുന്ന മേല്ക്കോയ്മകളിൽ

ജാതകമെഴുതാത്തൊരു ഏറുമാടമായ് ഞാൻ വേറിട്ട് നില്ക്കുന്നു

നിന്റെ ഗോപുരം ആയിരം പേരുചാർത്തപ്പെടുമിടമെങ്കിലും

മുളയരിക്കഞ്ഞിയും കൂർക്കൽ വിളയിച്ചതുമെൻ രസന തേടുന്നു

നിന്റെ പതാകയിൽ നിന്നിന്നലെ പൊഴിഞ്ഞൊരൊലിവില

നറുതേനും നന്നാരി നീരും സമം ചേർത്തയെന്റെ ദാഹജലം


അമ്ളമൊളിപ്പിച്ചാർത്തു  വെടിയുപ്പ് വിതറുന്ന വേഴ്ച്ചകളിൽ

ഒരു കുന്നിമണിയൊരപ്പൂപ്പൻ താടി എന്റെ പ്രണയമാകുന്നു

ആർദ്ര സംഗീത ശില്പങ്ങളിൽ പിംഗല വർണ്ണങ്ങൾ പൊതിയവേ

എന്റെ കനവുകളിൽ പെരുമഴപ്പെയ്ത്തിന്റെ താളമിടുന്നു

തൊലി വെളുപ്പിനും തോളത്തെ തുടിപ്പിനും ബഹുമതി കെട്ടുമിടം

എത്ര വിളമ്പിയാലും തീരാത്ത അനുഭവ സാക്ഷ്യമായ് നിലകൊള്ളുന്നു

തെക്കോട്ടൊഴുകുന്ന നദികളിലൊക്കെയും തെള്ളിപ്പൊടിയിടുക

താമരയിതൾ വിരിയുന്ന ദേവസന്നിധിയാകെയും കാവി പൂശുക

അരചമണ്ഡപങ്ങളിൽ പൊൻ വളകളിട്ട് താമ്രപത്രം തരായ്കിലും

ആർദ്ര മാനസങ്ങളിലെന്റെ കവിത കൂടൊരുക്കും കൊഞ്ചലാവും

അതുമതിയതുമാത്രം മതി എഴുതിയതിനൊക്കെയും മാറ്റേകുവാൻ

0000000000000000000000000000000000000000000000000000000000000000000





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...