2022, ജനുവരി 9, ഞായറാഴ്‌ച

കാലം തെറ്റി പൂക്കുന്ന കവിതകൾ

 


പൊരിവെയിൽ പൂത്തെന്റെ ഇലകളൊഴിഞ്ഞ

ഇന്നീ പാഴ്ത്തടിയിലല്ല ഹേ, ആത്മൻ

പെരും ദാഹം കൊണ്ടന്ന് വറുതി കാർന്ന നാളെന്റെ

താഴ് വേരിലായിരുന്നു നീ ചുംബിക്കേണ്ടിയിരുന്നത്


വെള്ളിടിയേറ്റ് വിളറിയെന്റെ ദേഹം വാനം തൊടുന്ന

ശപ്തമീ, ഉയർച്ചയുടെ പാതിരാവിലല്ല കാതരേ

അന്നൊരു വെറും സ്പർശമെങ്കിലും കാത്ത്, കവലയെല്ലാം

പേ പിടിച്ചോടിയ എന്റെ കനവിലായിരുന്നു നീ

ഒരു വേളയെങ്കിലും അനാവൃതയാവേണ്ടിയിരുന്നത്


കാച്ചിമുക്കാനിത്തിരി കഞ്ഞിത്തെളി ഇരവ് വാങ്ങുന്ന

കസവ് നരച്ചയീ കാർത്തിക സന്ധ്യയിലല്ല കാതരേ

തുന്നിച്ചേർത്ത കുപ്പായം പിന്നെയും പെരും കീറൽ

വന്ന്, നാണമൊളിക്കാനില്ലായ്കയിൽ പൊയ്മുഖമിട്ട

അന്ന,ധ്യയന പകലിലായിരുന്നു നീയെന്നെ പുല്കേണ്ടത്


തുള്ളി വെള്ളം കൊതിച്ച്, നാക്കുനീട്ടിക്കരയുന്ന നായയെ

തുള്ളൽക്കഥ വിശദീകരിച്ച് തിസീസെഴുതാൻ പ്രേരിപ്പിക്കായ്ക

വിശപ്പിന്റെ ഉച്ചി തൊട്ട്, അന്നനാളം കക്കുന്ന പ്രാണനെ

വിശുദ്ധ യുദ്ധങ്ങളുടെ കാര്യ കാരണം ചികയാൻ വിടാതിരിക്ക

കണ്ട്, കാമിച്ചിരിക്കുന്നവൻ കത്തി കാട്ടി ഉയിരെടുക്കുന്ന കാലം

വെട്ടാൻ വാളെടുത്താട്ടുന്നവൻ വാലാട്ടി കൂടെയൊട്ടുന്ന കാലം

പ്രിയതേ,യറിയുകൊന്നും പരസ്പര പൂരകമല്ല,അച്ചട്ടും

പുഞ്ചിരിച്ച് കൊണ്ടേയിരിക്കുക, പെരുമഴപ്പെയ്ത്തൊക്കെയും

തോർന്നിടും, പുഷ്പിക്കാതെ പോകീലൊരു പാഴ്ച്ചെടിയും

000000000000000000000000000000000000000000000000000000




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...