2022, ജനുവരി 16, ഞായറാഴ്‌ച

മാപ്പെഴുതി വാങ്ങാൻ കോപ്പു കൂട്ടുന്നവനോട്



`നമ്പ്യാർപ്പടിയിലെ ചായക്കടയിൽ

സമാവറിന്റെ  തിളനിലയറിയാനിട്ട

ചെമ്പു നാണയത്തിലായിരുന്നു, ബാല്യം

തപിക്കുന്ന ഹൃത്തിനെ മെരുക്കാൻ ശ്രമിച്ചത്


വരക്കുളത്തങ്ങാടിയിൽ കശാപ്പു ശാലയിൽ

നാളെ വെട്ടാൻ കെട്ടിയിട്ടിരുന്ന, എല്ലുന്തിയ

അറവുമാടിന്റെ കണ്ണുകളിലായിരുന്നു, കൗമാരം

ഒറ്റുകൊടുത്ത വ്യഥകളെ കഥകളാക്കാൻ പഠിച്ചത്


മാംസം പകുത്ത്, ഒമ്പതാളുടെ രേതസ്സ് നക്കി വീണ്ടും

അടുത്ത വേട്ടാളനായ്, ചായമിട്ട് വാതിൽപ്പടിയിൽ വീഴവേ

മുറുക്കിച്ചുവപ്പിച്ച, ഇടയാളരൂപത്തിന്റെ നാക്കിലായിരുന്നു

യൗവ്വനം, രതി ചിന്തകളെ ഭയത്തോടെ വീക്ഷിച്ചത്


ഇന്ന്, നഗരഹൃത്തിന്റെ നരക രസമൊക്കെയും മോന്തി

വേപഥുവോരോന്നിന്റെയും വേവു നോക്കി, വാർദ്ധക്യം

വഴിയാത്രയ്ക്ക് ഊന്നു വടിയുമായ് കൂടെയെത്തുന്ന വേളയിൽ

കരളുപൊട്ടിക്കുരലു ചീന്തി കാറിക്കൂവിയതൊക്കെയും, നിന്നെ

കള്ളനാക്കാനല്ല;യെന്നുള്ളിലെ കദനമൊഴിയാൻ മാത്രം

പകയില്ലയൊട്ടും വിദ്വേഷം തൊട്ടു തീണ്ടിയിട്ടില്ലയെന്നിൽ

കഥയിതൊക്കെയും മറക്കുക, കൈകോർക്കുക പിന്നെയും

കാലമൊഴുകട്ടെയൊരു കവിതപോൽ, ഒട്ടുറങ്ങട്ടെ ഞാൻ

മറിച്ചാണു മനോ ധർമ്മമെങ്കിൽ; പെട്ടതിലൊരു പൊട്ട് പോലും

കൊട്ടിയിട്ടില്ല ഞാൻ, വാക്കുകൾക്കില്ല ക്ഷാമമെൻ കവിതയ്ക്കും

കെട്ടിയാടുക തന്നെ ചെയ്യും മമ ദുരിതപർവ്വമൊക്കെ,യതിൽ

കെട്ടടങ്ങാൻ സ്വയമൊരുങ്ങായ്ക, വിട്ടുകളയുക വിപരീതമെല്ലാം

00000000000000000000000000000000000000000000000000000000




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...