2022, മാർച്ച് 27, ഞായറാഴ്‌ച

സ്വപ്നത്തിൽ നിന്ന് സ്വർഗ്ഗത്തിലേക്കൊരാന്ദോളനം

 


ഇനിയും തളിർക്കുകയാണെങ്കിലെന്നോമലേ 

ഒരേ വേരിൽ നിന്നായിരിക്കട്ടെ നിശ്ചയം

ഇനിയും പ്രണയിക്കയാണു നാമെങ്കിലാതിരേ

ഒരേ രാഗ തന്തുവായ് നാം പാടിപ്പതിയട്ടെ

ഇത്രമേൽ തരളിതമാകുമെങ്കിൽ മേലും നാം

ഒരു ചഷകത്തിൽ നിന്നുമാത്രം നുകരട്ടെ

ഹൃത്തിലെ കുളിർത്തോപ്പിൽ ഹേമന്തമൊക്കെയും

ആർദ്ര സംഗീതമായ് ആനന്ദമാവട്ടെ

വിലക്കുകളില്ലാതെയെന്നുമീ എക്താര, നിൻ

വിപഞ്ചികയ്ക്കൊത്ത് താളം പകരട്ടെ


പ്രണയ സഖീ, നീ പൂത്തേയിരിക്കുക, പുഞ്ചിരിയാവുക

പൊൻ കതിർ വെട്ടമായെൻ പുലർവേളയാവുക

തരള വസന്തമായെന്നുമെൻ കാതരേ,തീർത്ഥമാവുക

തിരിയേഴുമിട്ട് തെളിഞ്ഞേയിരിക്കുക, തിങ്കളാവുക


പ്രിയതേ, പ്രേമസംഗീതമൊഴുകട്ടെ പാലാഴിയായ്

അഷ്ടദിക്കാടിത്തിമിർക്കട്ടെ വേണു നാദവുമായ്

ഉദയമൊക്കെയുമിനി നിനക്കൊത്തുന്മത്തമാകട്ടെ

മേലും കവിതകളൂറട്ടെയെന്നിൽ, നിന്നെ വാഴ്ത്തട്ടെ

ഇനിയീ കനവിൽ നിന്നു ഞാനുണരാതിരിക്കട്ടെ

ഊഷര ഭൂമിയിലൊരു പെരുമഴ പെയ്യട്ടെ, കുളിരട്ടെ

എന്റെ കുഴിമാടം കുതിരട്ടെ, അതിനു മുകളിലൊരു ചെറു

മൈലാഞ്ചിച്ചെടിയായ് നീ തളിർത്തിരിക്കട്ടെ, പൂക്കട്ടെ

=============================================













അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...