2022, മാർച്ച് 28, തിങ്കളാഴ്‌ച

പ്രണയ വേദാന്തം



ഇനിയെൻ പ്രണയ പുഷ്പമേ, വിടർത്തുക

നിന്നിതളുകളൊക്കെയുമെന്നെപ്പൊതിയുക

നേർത്ത സൗരഭ്യമായ് തഴുകുക, തലോടുക

നാട്ടുപച്ച തൻ നേരായ് എന്നിലുണ്ടാവുക

അന്നൊരു നിലാപ്പെയ്ത്തിലത്ര ആർദ്രമായ്

ആരുമറിയാതൊരു വിഷുവ രാത്രിയിലെൻ സഖീ

നെറ്റിത്തടം പൊള്ളിച്ചു നീ തന്നൊരുമ്മ പോൽ

നാളൊക്കെയുമൂഷ്മള നല്ലോർമ്മയായ് നിന്നീടുക

ഉടുക്കു കൊട്ടിന്റെയുന്മത്ത വീചികൾക്കൊത്ത്

നീ കെട്ടിയാടിയ ലാവണിക്കൂത്തിന്റെ ലാസ്യം

തിരിയണയാതെയെന്നുമൊരു ചിരാതാവുക

പകലന്തിനോക്കാതെ പാട വരമ്പത്താറ്റു കടവത്ത്

പശിമാറ്റുവാനിത്തിരി കഞ്ഞിത്തെളിപോലുമില്ലാതെ

മൂവാണ്ടൻ മാങ്ങയൊന്നുപ്പുകൂട്ടി തിന്ന് പണിയെടുക്കവേ

ഇന്നലെപ്പരിണയം കഴിഞ്ഞപോലെയതി പ്രണയാർദ്രം

എന്റെ എളിയിലൊന്നു തോണ്ടി ഇക്കിളി കൂട്ടി പ്രിയതമേ

കള്ളച്ചിരി തൂകി കണ്ണിറുക്കിയ അതേ മട്ടിലെന്നെയൊന്ന്

ഗൂഢമായ് നീ നോക്കുക,യെന്റെ മുടിയിൽ തഴുകുക

വെള്ളരി വിളവെടുത്ത വേനലിനന്ത്യ സായന്തനം

തമ്മിലുഷ്ണിച്ചൊട്ടിയ നാടകക്കളരിയിൽ ശരറാന്തലിൽ

കണ്ണുകൾ കോർത്ത് കാന്തമുന കൂർത്ത പരവശ വേളയിൽ

അതി തീവ്രമന്നു നമ്മൾ പ്രണയിച്ച അതേ താപ ഗതിയിൽ

മുനിഞ്ഞു കത്തി മുച്ചീർപ്പൻ കുലച്ച് മുടന്തുമീ മകരശൈത്യവും

മിഴി പൂട്ടി മൗന ഗോപുരമുടച്ച് കാട്ടുമഞ്ഞളിൽ കാന്തിയായ്

കാന്തേ, തീപ്പന്തമായെന്റെ തലഭാഗത്ത് നിന്ന് കത്തുക

ഒടുവിലെന്റെ വിളക്കണഞ്ഞ്, വിളറി വെളുത്തെണ്ണ ചോർന്ന്

വിളിയൊന്ന് കേൾക്കുവാൻ പോലുമാവാതെ പടിയിറക്കയിൽ

അലറിക്കാറിയൊരു പിൻവിളിയായ് നീ തല തല്ലിക്കരയുക

ചിതയെരിഞ്ഞരങ്ങൊഴിഞ്ഞ് ഞാൻ തീർന്ന് പോകയിലോമലേ

ചുഴി തീർത്ത്, ചെറു ചൂളമിട്ട് കരിയില കൊഴിക്കുമൊരു കാറ്റായ്

നീയെന്നെത്തഴുകുക, നാളെയൊക്കെയും പ്രണയ വേദാന്തമാവുക



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...