2022, ഏപ്രിൽ 1, വെള്ളിയാഴ്‌ച

പച്ചയിൽ നിന്ന് നെടുംകത്തിയിലേക്ക് പറിച്ച് നടുന്നവ



പാർവണേന്ദുവെന്നായ് പേരിൽ പൂർണ്ണമായ്പ്പോലും പ്രിയനേ

ഒരുവേളയെങ്കിലും നീ വിളിചതില്ലെന്നെയെന്നോർമ്മയിൽ

പാടവരമ്പിലമ്പല നടയിൽ പുഴക്കടവിലൂടു പാതയിൽ സൂക്ഷ്മം

ഞാനിറങ്ങിയ വഴികളിൽ തീർത്തും യാദൃശ്ചികമെന്ന പോൽ

ചന്ദ്രബിംബമതവനിയെ പരിക്രമണം ചെയ്യുമതേ ഗതിയിൽ

വലയം ചെയ്ത നാളിലൊക്കെയും ഞാൻ മാത്രമായിരുന്നു ജീവിതം

കാന്താ, എന്നെ കാത്തുകാത്തു നീയെത്ര കാലമാ അത്താണിയിൽ

കരിങ്കല്ലതിൽ കൊത്തിയ കൃഷ്ണശിലയെന്നേ തോന്നും വണ്ണം

പകലന്തിയൊന്നുമേ പരിഗണിക്കാതെ പൊഴുത് പോക്കി നിന്നു

തിരിമുറിയാതെ പെയ്തൊരാ ആതിര രാവിലന്നൂരൊക്കെയും

പേരാൽത്തറയിലൊന്നുകൂടിയ പ്രളയ നാളിലെൻ പ്രിയനേ

കുട്ടകമൊന്നിലെന്നെക്കൂട്ടി ഊരു ചുറ്റിയത് കനവല്ല കട്ടായം

ഭഗവതിത്തെയ്യം കെട്ടിയാടിയ തുലാപ്പത്തിലന്നൊരു രാവിൽ

തോറ്റം പാട്ട് പാടുന്നതേ താളത്തിലപ്പുറം കാവിലൊരു മൂലയിൽ

കണ്ടിരിക്കുമെന്നെ നോക്കി കണ്ണിറുക്കയിൽ, ഇലത്താളമിട്ടവൻ

ഇരട്ടി വേഗത്തിൽ പെരുക്കവേ, അന്നെൻ ഹൃത്തിലായിരുന്നു

കണ്ണാ, നീ കനലാട്ടമാടിയതും കനവ് പെയ്തതും കാർകൊണ്ടതും



പച്ചയിട്ടാടിത്തിമിർത്ത നിന്നാട്ടക്കോലമെന്നാണെൻ കണ്ണാളനേ

നെടുംകത്തിയിലേക്ക് നീട്ടി വരച്ചതും രൗദ്രമായതും കൺ ചുമന്നതും

രാഹു കേതു രാശിചക്രം കവടി നിരത്തിയ കാല ഭേദം ഗൗളിശാസ്ത്രം

കൂട്ടു പുരികം കാട്ടിയൊരു ഭാവലക്ഷണം, ഇനിയുമെന്തൊക്കെയില്ല

നിൻ ഭ്രമണപഥത്തിൽ നിന്നെന്നെയൊറ്റുവാൻ പാടേ വെറുക്കുവാൻ

പരിണയപ്പീടികയിൽ പെരുമ്പോത്തിനു വിലപേശും മട്ടിൽ പലകുറി

പുരുഷപ്പട പലതുവന്നു കണ്ടും നടത്തിയുമാട്ടിയും കാലം നടക്കവേ

ഒന്നുമൊട്ടുമേശിയിട്ടില്ല ഇന്നോളമെന്നെന്നെക്കാണുക,യറിയുക

പ്രണയമെന്നാലെൻ സ്വരൂപനേയുണരുക തമ്മിലറിഞ്ഞേയിരിക്കുക

എങ്കിലത് സ്വർലോകമാകുമല്ലെങ്കിലില്ല നരക വാരിധി മറ്റൊന്നുമേ










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...