2022, ഏപ്രിൽ 19, ചൊവ്വാഴ്ച

തുഞ്ചന്റെ ശാരികയോട്



ഒരു പ്രണയാർദ്ര സംഗീതമായ്

പുതു പൂവാക പൂത്തെന്നപോൽ

എൻ സർഗാത്മ തേൻ തുള്ളിയായ്

നാളെല്ലാം നീയുണരൂ പൊന്നുഷസേ


കവിതയിൽ നീ കുറുകുക, പൊന്മാടപ്രാവാകുക

കരളിലെൻ പ്രിയ കനവാകുക, കനകമാവുക

കസ്തൂരി മഞ്ഞളിൻ കാന്തിയായെൻ കൂടെയുണ്ടാവുക

കൊട്ടും കുരവയുമിട്ട് ജാതിക്കോലം കെട്ടിയാടുമീ

കറുത്ത കാലത്തിലേക്കെത്തി നോക്കായ്ക, ഇടറായ്ക

ഇന്നലെയാർത്തലച്ചു പെയ്ത മഴയിലെന്നാർദ്രേ

കുത്തിയൊലിച്ച് വന്നിന്ന് കുലം കുത്തുമൊരു

വെറും ചവറൊന്നിനെ കവലയിലിട്ടേക്കുക

വഴി പിഴച്ച്, വീൺ വാക്കുരച്ച് കൊടിയെടുത്തവനിൽ

വഴിമാറി നടക്കുക, വിശുദ്ധ സത്തതൻ വേരാവുക


താറുടുത്ത്, തറിയെടുത്ത് കൈ തെറുത്ത് തെരുവിൽ

തെറിപ്പാട്ട് പാടുമീ തസ്കരക്കൂട്ടത്തിൽ നീ പെട്ട് പോകായ്ക

തരളിത ഭാവങ്ങളൊടുങ്ങി നീ  തീപ്പെട്ടൊടുങ്ങായ്ക

പേരെന്നും പൂത്തിരിക്കും, ഉയിർദാനിയായുയർന്നിരിക്കും

പെറ്റ വയറുമാത്രം നൊന്തിരിക്കു,മെന്നും വെന്തിരിക്കും

പിന്നെ, ആധിപെരുത്ത് മൺപെടുവോളം തീ കുടിക്കും

ആകയാലാതിരേ, അകപ്പെട്ട് കൊള്ളായ്ക,കൊല്ലായ്ക

സ്വയം, കണ്മൂടിയേ അകന്ന് പോവുക, കാവ്യകതിർ കൊത്തുക


കാരിരുമ്പാൽ തീർത്ത കശ്മല, കാട്ടുപോത്തിൻ ചങ്കിലും

ചിറ്റാവണക്കിൽ ചാലിച്ച, കാരസ്കരത്തിൻ കായൊന്നിലും

അമൃത് കിനിയുമെന്ന് കാത്തിരിക്കുവാനിനി കാതരേ

കാലമെത്ര ബാക്കിയില്ല, ആകയാൽ നീയാവുക

കൽവിളക്കൊന്നായ് കത്തിയേ നില്ക്കുക, കാവലാളാവുക

ഇനിയുദിക്കും താരകങ്ങളെങ്കിലും, മുനിഞ്ഞ് കത്തി

ജാതി ജാതകങ്ങളിൽ മുടിഞ്ഞ് പോവാതിരിക്കട്ടെ

00000000000000000000000000000000000000000000000000




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...