2022, ഏപ്രിൽ 25, തിങ്കളാഴ്‌ച

കല്ലറക്കെട്ടോളമനുഗമിക്കുന്നവ



ഇക്കിനാവറ്റ ശരണാലയത്തിലെൻ മണാളാ

ഊന്നു വടിയൊന്നിലും താങ്ങുവാനില്ലാതെ

വേച്ചു വീണു, വേപഥുണ്ട് വെറും വാക്കായ്

പുനർ വായന തൻ വിദൂരശ്രമം പോലും വറ്റി

തെക്ക് പോകുവാനൊരുന്ത് തേടുമീ അന്തിയിൽ

അനുഗമിക്കുവാനില്ല നിൻ ഓർമ്മ തന്ന

ആർത്ത സാഗരമൊന്നല്ലാതെയെന്നായ്


കൂട്ടിപ്പെരുക്കി മോദമൊക്കെയും കിഴിച്ച്

ശിഷ്ടമെന്തെന്ന് മരവിയിൽ പരതവേ കണ്ണാ

ആറ്റിറമ്പിലന്നൊരു മകരത്തണുപ്പിന്റെ

ആലസ്യമല്ലാതെ മറ്റൊന്നുമില്ലാത്ത

നനുത്തൊരുഷസ്സിൽ നീ തന്ന ഉമ്മതന്നോർമ്മ

കൂട്ടിപ്പൊതിഞ്ഞെടുത്തിരിക്കുന്നു കൂട്ടിനായ്


പള്ളിക്കൂടപ്പിന്നാമ്പുറമൊരു വേനൽ പരീക്ഷക്കാലം

കൈവെള്ളയിൽ കൂട്ടിപ്പിടിച്ച് കുതിർന്നക്ഷരമുതിർന്ന

കടലാസു പായയിൽ കോറിയ, വാക്കിലേറിയ കൂറും

ഹൃദിസ്ഥമായ് ചോരനൊന്നുമെടുക്കാതെ ചേർക്കുന്നു

കൊണ്ടുപോകുവാനിതിൽപ്പരമെന്തുണ്ട് പ്രിയ സഖേ


പോത്തു കച്ചവടം ചെയ്യുന്ന മട്ടിലൊരു നാട്ടു ചന്തയിൽ

പേർത്തുപേർത്തു പല്ലും മൂക്കും മൂടുമൊക്കെയും പാർത്ത്

വിലപേശി വേട്ടവനൊരു കാട്ടാള തുല്ല്യം  കെട്ടി മേയ്ക്കവേ

വാർക്കുന്ന കണ്ണുനീരൊക്കെയും വരും തലമുറയെയോർത്ത്

വടിക്കുക, വീറോടെ പൊരുതുക, വേറിട്ടവളല്ല മങ്കയാൾ

ജീവൻ വെടിയാതെ കാക്കുകയെന്ന് വാഴ് വൊക്കെയും കൂട്ടായ

നിൻ സാന്ത്വന വാക്കിന്റെ വെട്ടം കൂട്ടുന്നു കല്ലറക്കെട്ടോളം


ഇനിയെൻ, കണ്ണാളനേ, കാലക്കേടൊന്നും ചൊല്ലാതെ നന്നായ്

കാലനൊത്ത് പടിയിറങ്ങുമീ കുങ്കുമ സന്ധ്യതൻ കാന്തിയിൽ

കനവിലും കണ്ണിമയിലും കാണുന്ന മുള്ളുമുരിക്കിലൊക്കെയും

കായ്ച്ച് നില്ക്കുക നീ, കരളു നിറച്ച് കാണട്ടെ ഞാൻ, പിന്നെ

കണ്ണടയ്ക്കട്ടെ, കാലാഹി കൊത്താതെ പോകട്ടെ കാലമൊക്കെ

ഇത്ര കല്പ്പിക്കയില്ല ലോകം നം പ്രണയമല്ലാതെ മറ്റൊന്നുമേ

00000000000000000000000000000000000000000000000000000000000000







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...