2022, ഏപ്രിൽ 15, വെള്ളിയാഴ്‌ച

വിഷുവത്തിലൂറുന്ന പ്രണയച്ചിന്തുകൾ



ആതിരേ, നീയെൻ ആത്മഹർഷമായ് പെയ്തീടുക

എൻ പ്രണയമാവുക, എന്നിൽ കുതിരുക

കാതരേ, നീ ഹൃദ്യമാം കർണ്ണികാരമാവുക

എന്നിൽ തളിർക്കുക, കാട്ടുവാകപ്പൂവാകുക

ഹൃദയസഖീ,ഒരു വിഷുപ്പക്ഷിയായ് നീ പാടുക

തരളിതയാവുക,യെൻ തീർത്ഥമായ്ത്തീരുക

എന്നിലെ ഞാനായിരിക്കുകയോമലേ, ഒഴുകുക

ഒരേയരുവിയായലയായതിൻ കുളിരായ് തെന്നലായ്

പ്രിയതേ, പുലർവേളയായിരിക്കനീ നാളൊക്കെയും

അതിലൊരു പൊന്മാനായ് പറന്നിരിക്കട്ടെ ഞാൻ

നാട്ടുമാവാകട്ടെ നീ,യതിൽ പൂവായ് വിരിയട്ടെ ഞാൻ


തെച്ചിയില്ല, തേൻ വരിക്കയില്ല, തെയ് വക്കളമില്ല

പൂവാം കുറുന്നിനെയറിയില്ല, പാരിജാതമില്ല, പവിഴമല്ലിയും

പനിക്കൂർക്കയെങ്ങു പോയെൻ സഖീ പിച്ചകപ്പൂമൊട്ടും

പണ്ടാ പാടവരമ്പിലൊരു മേട സന്ധ്യയിൽ, എള്ള് പൂക്കുന്ന

വയലിനപ്പുറമൊരു ഏരിക്കരയിലുരുന്നെന്റെയോമലേ

കൈകൾ പരസ്പരം കോർത്തു നാം കൈമാറിയ ചൂടിന്റെ

ഓർമ്മയുഷ്ണിച്ചു കിടക്കുന്നുണ്ടിന്നും നെഞ്ചകം പൊള്ളിച്ച്


കാട്ടു ജീരകം, തുമ്പിത്തേൻ, കണ്ണാന്തളിയെന്നായ് വീണ്ടും

നാട്ടുവഴിയിലേക്കൂർന്നുപോവില്ല നാമെങ്കിലും തിങ്കളേ

അന്നുണ്ട അതിമധുരമൂറുന്ന നന്മകൾ കരളിലുണ്ടായിരിക്ക

എന്റെയാൽത്തറയിലിനിയും നിൻ നന്ത്യാർവട്ടം വിരിയുക

കൽവിളക്കിൽ നീയെൻ നെയ്ത്തിരി ചേർത്തു വയ്ക്ക,പടരുക


വിഷുവങ്ങളും സംക്രാന്തിയുമിനിയും വരും, കൊന്ന പൂക്കും

വീട്ടകങ്ങളോരോന്നുമൊരോ തനിയുലകമായ്ച്ചെറുതാകും

നിന്റെ കാവവന്റെ നോവെന്റെ ജാലകപ്പേരാലെന്ന് 

സത്വങ്ങളൊക്കെയും ആത്മാംശത്തിലേക്ക് തിരിച്ചൊഴുകും

അന്നും സഖീ, പ്രണയമായിരിക്കയെന്നിൽ പകലന്തിയൊക്കെയും

പകരുവാനിത്തിരി സ്നേഹവും പൂക്കുവാനായിരം പവിഴമല്ലിയും

പൊന്നൊളിപ്പുഞ്ചിരിയുമല്ലാതെ മറ്റെന്ത് സത്യമെൻ പ്രിയതോഴീ

0000000000000000000000000000000000000000000000000000000000000000

















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...