2017, ഫെബ്രുവരി 11, ശനിയാഴ്‌ച

കൂട്ടക്ഷരങ്ങളിൽ കുരുങ്ങിയോൻആകാശം അതിരു പകുക്കുന്ന
ശാലമോന്റെ സാമ്രാജ്യത്തിനപ്പുറം
കിനാക്കൾക്ക് തരംഗദൈർഘ്യമുണ്ടായിരുന്നു
ഏത് മലവെള്ളപ്പാച്ചിലും തകർക്കുന്ന
നോഹയുടെ പെട്ടകത്തോളം
പ്രതീക്ഷകൾ കനത്തതായിരുന്നു
സൗന്ദര്യബോധം ഔസേപ്പിനേയും കടന്ന്
ക്ഷാമകാലമൊട്ടുക്ക് തികയുമെന്നായിരുന്നു
ജറുസലേം പുത്രിമാരേക്കാൾ സ്നേഹം ചുരത്തുന്ന
വാക്കുകളിൽ മാന്ത്രികതയെ വിശ്വസിച്ചിരുന്നു
നീരു വറ്റി വിണ്ടുകീറിയ വാനത്തിലേക്ക്
കെട്ടിവച്ച സ്വപ്നങ്ങൾ ആവിയായുയർന്ന് കേറും
ദുരിതമഴയായ് വീണ്ടും കണ്ണീർ വടുക്കളെ നനയിച്ച്
മോഹങ്ങളിൽ തപിച്ച ഹൃത്തിലേക്ക് പെയ്തിറങ്ങും
ഏത് കുഴിവെട്ടി മൂടിയാലുമേത് പെരുവെള്ളമെടുത്താലും
കവിതയെന്നിൽ കാതലായ് കുടിയിരിക്കുന്നതറിയുന്നു
ഞാൻ ഞാനായ്ത്തന്നെ തുടരും, കാലഭേദങ്ങൾ താണ്ടി
വിലാസമില്ലാത്തവൻ,വിധിവിലക്കിലവിശ്വസിപ്പവൻ
തെമ്മാടിപ്പറമ്പിലേക്ക് മിഴി പാകിയോൻ, വെറുക്കേണ്ടവൻ
നീ സ്നേഹപുത്രൻ, സ്വർഗ്ഗലോകത്തേക്കുയർത്തപ്പെട്ടവൻ
അത്ഭുതങ്ങളേറെക്കാട്ടിയോൻ, കനിവു പെയ്യുന്നോൻ
ഞാനോ നിന്റെ ചെരുപ്പിന്റെ വാറഴിക്കാൻപോലുമയോഗ്യൻ
എങ്കിലുമെനിക്കുണ്ട് അമിത വിശ്വാസമാത്മ ധൈര്യം
എന്റെ വാക്കിന്റെ തുമ്പിലുദിക്കും സൂര്യൻ മതിക്കുമത്
നിന്റെയേത് വേദത്തിലും കനപ്പെട്ട വേദാന്തമായ്
അതുവരെ ആരും വായിക്കാതെ ഞാൻ മാത്രം കാക്കുന്ന
കൂട്ടക്ഷരങ്ങളുടെയൊരു കവിതയായ് ഞാനൊതുങ്ങട്ടെ

00000000000000000000000000000000അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .

പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌ വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ...