2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

ഞാൻ



ഞാൻ-സ്വന്തമായ് വിലാസവും
വ്യക്തിത്വവുമില്ലാത്തവൻ
അഭിപ്രായ സ്വാതന്ത്ര്യവും
വികാരപ്രകടനവും നിഷേധിക്കപ്പെട്ടവൻ
എന്റെതായ് ജാതിയും ഉപജാതിയുമില്ലാത്തവൻ



എനിക്കുചുറ്റും ജാതിതെയ്യങ്ങൾ
കെട്ടിയാടുമ്പോൾ വെറുതെ
കൈകെട്ടിനില്ക്കുവാൻ വിധിക്കപ്പെട്ടവൻ
വർഗ്ഗീയ കോമരം ഉറഞ്ഞുതുള്ളി
ഒരു വിഷവിത്തു വിതച്ചരങ്ങുതകർക്കെ
പ്രതികരിക്കാനരുതാതെ പോയവൻ



എന്റെ സാക്ഷ്യപത്രങ്ങളിൽ
കോളങ്ങളോരോന്നൊഴിഞ്ഞിരിക്കെ
അവസരവും അവകാശവും
എടുത്തെറിയപ്പെട്ടവൻ



എന്റെ വേദങ്ങളിൽ കൂർത്ത കത്തിയില്ല
വ്രണിത സ്വപ്നവും വിഷംവെച്ച വാക്കുമില്ല
സ്നേഹം സ്നേഹമൊന്നു മാത്രം
വേണ്ടുവോളം പകർന്നിടാനിതെന്റെ വേദം



ഞാൻ സമതലങ്ങളിൽ നിന്നും
താഴ്വരകളിൽ നിന്നും
ആട്ടിയോടിക്കപ്പെട്ടവൻ
പഴുത്ത മണല്ക്കാടുകളിൽ
വലിച്ചിഴക്കപ്പെട്ടവൻ
ഭ്രാന്തനായ് തെരുവുമക്കളാൽ
എറിഞ്ഞു വീഴ്ത്തപ്പെട്ടവൻ



സ്നേഹം പ്രഘോഷിച്ച കാരണത്താൽ
സ്വന്തം ശിഷ്യരാൽ ഒറ്റുകൊടുക്കപ്പെട്ടവൻ
ഭരണകൂടത്തിൻ എതിർവായനയിൽ
മുൾക്കിരീടം സ്വയമേറ്റുവാങ്ങിയവൻ
മതഭ്രാന്തിന്റെ മേലാളരാൽ
ക്രൂരമായ് കുരിശിലേറ്റപ്പെട്ടവൻ



വെണ്ണയും വസ്ത്രവും മോഷ്ടിച്ച്
സ്നേഹത്തിൻ പുതുപാഠം നല്കയിൽ
കാളിന്ദീ തീരത്ത് ഒറ്റപ്പെട്ടവൻ
പതിനായിരത്തെട്ടു സ്നേഹ ബന്ധങ്ങൾക്കൊടുവിൽ
പ്രണയമരണം പഴിചാരപ്പെട്ടവൻ



സ്വന്തം കൈകൊണ്ടു നൂലുനൂറ്റും
അഹിംസയ്ക്കുപ്പു കുറുക്കിയെടുത്തും
സ്നേഹമന്ത്രവും ശാന്തിഗീതവും നല്കയിൽ
ജാതിവെറിമൂത്ത കരാള ഹസ്തങ്ങളാൽ
നിത്യശാന്തി നേടാൻ അയക്കപെട്ടവൻ



ഞാൻ-സ്നേഹത്തിന്റെ പുതിയ പ്രവാചകൻ
വേദങ്ങളിലെനിക്കു നാമമില്ല
രൂപവും ഭാവവും നിർവചനവുമില്ല
സ്നേഹമാണെല്ലാമതിനപ്പുറം
ജീവന്റെ കണികയ്ക്കു സ്ഥാനമില്ല
ഇതെന്റെ വാക്യമെന്റെ തത്വം



ഒടുവിൽ ഞാനെന്നിലേക്കൊതുങ്ങുന്ന നേരത്ത്
അറിയുന്നു ഞാനെന്റെ അല്പത്വമൊക്കെയും
സ്നേഹിക്കുവാനൊരു കോടി ജീനുകൾ
എന്നിൽ കുടികൊള്ളുന്ന കാലമത്രയും
വിഷമുള്ള പകയതിലേറെയെന്നിൽ
ആയിരം പത്തിയുയർത്തി ആടിനില്ക്കുന്നു



ഒരുനാൾ പകയുടെ കൂർത്ത മുള്ളുകൾക്കിടയിൽ
ഒരു ചെറുപുഷ്പം സ്നേഹ യൌവ്വനം തീർത്ത്
കാലമെല്ലാം നേർത്ത ചിരിയുതിർത്ത്
വിരിഞ്ഞു നില്ക്കും പാരിലാകെ
അതിനെൻ മജ്ജയും മാംസവും വളമായിടട്ടെ
അങ്ങനെയെങ്കിലും എൻ സ്നേഹം
നിത്യം നിന്നിൽ നിറഞ്ഞിടട്ടെ


zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...