2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

കവികൾ

നാം, ആദികാലം മുതൽ ആവിഷ്കാരം നടത്തുന്നവർ
എഴുത്താണിയുടെ ചലനത്തിനൊത്ത് പൌരാണിക
ഭരണ യന്ത്രം ചൊൽ പടിയിലാക്കിയവർ
രാജന്റെ പൊൻപണത്തിനും ധിക്കാരിയുടെ വാൾതലപ്പിനും
ഒരുനാളും വിടുപണി ചെയ്യാത്തവർ
സ്തുതിപാടകരിൽനിന്നും കപട ഭക്തരിൽ നിന്നും
കവിതയെ വീണ്ടെടുത്തവർ

വളച്ചൊടിക്കാത്ത വാക്കുകളിൽ
മണ്ണിന്റെ ഉപ്പും മനസ്സിലെ ഊർജ്ജവും ചേർത്ത്
നാടിനൊരു ഉണർത്തുപാട്ട് രചിച്ചവർ


വിയർപ്പറിഞ്ഞവന്റെ തേക്കുപ്പാട്ടുകളിൽ
വിശക്കുന്നവന്റെ തേങ്ങലുകളിൽ
വിരഹിണിയുടെ നോവുകളിൽ
പ്രതികരിക്കുന്നവന്റെ സമരഗീതികളിൽ
കുറ്റം ചെയ്തവന്റെ ഏറ്റുപറച്ചിലുകളിൽ
ഭക്തിയുടെ നിറകണ്ഠങ്ങളിൽ
കവിതയെന്നും നമുക്കൊപ്പമായിരുന്നു


സ്വപ്നങ്ങളും മുദ്രകളും പ്രണയങ്ങളും
കവിതകളിൽ നാം പങ്കുവെച്ചു
പ്രഭാതങ്ങളിൽ ലഘുതരമൊരു
കവിത ചവച്ചിറക്കി
മദ്ധ്യാഹ്നങ്ങളിൽ കവിതയുടെ ചൂടറിഞ്ഞ്
സായാഹ്നങ്ങളെ കാവ്യമയമാക്കി നാം


മണ്ണിൽ നാം തീർത്ത കൃതികളൊക്കെയും
ഒരു നാടിന്റെ സംസ്കൃതിയായിരുന്നു
ഒടുവിലെന്നോ കവിതയുടെ ഉജ്ജ്വല
കേളികൊട്ടുയർന്ന ഒരു പൊൻപുലരിയിൽ
നമ്മിൽ നാമറിയാതെ ഉറക്കത്തിലാണ്ടുപോയ്
നം കാവ്യ ഭാവങ്ങൾ മുനിഞ്ഞു കത്തി
മൃതപ്രായമായ് മണ്ണിൽ വീണടിഞ്ഞു


കവിതയെന്നാൽ ജനം കൂകിയാർത്തു
ഭരണകൂടം ദുസ്വാതന്ത്ര്യ വിലങ്ങു ചാർത്തി
ബുദ്ധിരാക്ഷസർ പരിഹാസ വാക്കെറിഞ്ഞു


മണ്ണിന്റെ പൊക്കിൾച്ചുയിലേക്കിറങ്ങിയ
പരിവർത്തന മഴയിലൊരുനാൾ
കവിത വീണ്ടും തളിർത്തു നമ്മിൽ
ഒരു പുതു നാളമായ് ഉഗ്രപ്രവാഹമായ്
കവിത വീണ്ടും മണ്ണിൽ ഒലിച്ചിറങ്ങി
അതിൽ പൂത്ത പുതു കവിത നം ഹൃദയ
ഭാഷയ്ക്കു തീർത്തുമന്യമായിരുന്നു
ചിന്തയ്ക്കും കരുത്തിനും വിഭിന്നമായിരുന്നു
ലഹരിമൂത്ത വാക്കുകൾക്കു പകരം
കടും ലഹരി ചേർത്ത വാക്യങ്ങളായിരുന്നു


കവിതയെന്നാൽ ഇന്നു ഗ്രാഹ്യമല്ലാത്ത
കടുത്ത വാക്കും കൂർത്ത ആശയവുമെന്നർത്ഥം
കവിതയെന്നാൽ മണ്ണിൽ കാലുപതിക്കാത്തവന്റെ
കാലുറക്കാത്തവന്റെയും ആഭിചാര കലയെന്നർത്ഥം
കവിതയെന്നാൽ കടമയും കർത്തവ്യവുമില്ലാത്ത
കാട്ടിക്കൂട്ടലുകളെന്നു പുതിയ അർത്ഥം


ഇനിയീ അർത്ഥ തലങ്ങളിൽ നിന്നെല്ലാം തെന്നിമാറി
ഒരു പുതു ഭാവമതിൽ നം കവിത ഉയിർക്കുമെങ്കിൽ
വിശക്കുന്നവനു അപ്പവും ദാഹിക്കുന്നവനു വീഞ്ഞുമായ്
മണ്ണിന്റെ മണമായ് മണ്ണിൽ വീണ്ടും ലയിക്കുന്ന
രസമുള്ള നോവായ് കവിത വീണ്ടും മാറുമെങ്കിൽ


ഒടുവിൽ ഞാനിത്രയെങ്കിലും യാചിച്ചുകൊള്ളട്ടെ
ഇനിയെന്റെയെന്റെതെന്നോർത്തു ചൊല്ലുവാൻ
ഒരു വരി കവിതയെങ്കിലും ബാക്കി നല്കൂ
ഓർമ്മകളൊക്കെയും വീണൊടുങ്ങും നാളിലും
നെഞ്ചിൽ ചേർത്തു വെക്കാനൊരു തുണ്ടു കവിത നല്കൂ
ഇനിയെന്റെ ശേഷവും സ്വപ്നങ്ങളേകുവാൻ
പുതു കാവ്യ കേളിക്കു തിരി കൊളുത്തൂ
എന്റെ ഒടുക്കത്തെ മാത്രയിൽ വേച്ചുവീഴും വരെ
വിഷമുള്ളു തീണ്ടാത്തൊരു കവിതയേകൂ
ഒടുവിലെൻ യജ്ഞം കഴിഞ്ഞൊന്നുറങ്ങുവാൻ
കവിതയിൽ കുതിർന്ന മണ്ണൊരുക്കൂ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...